പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന അഴിമതിയും സ്വജന പക്ഷപാതവും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വിശിഷ്യ CPIM നും ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും. ഉശിരന്മാരായ ചെറുപ്പക്കാരുടെ ജീവന്‍ നല്‍കി നേടിയ കരുത്തുമായി CPIM പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ഭരണം സാരഥ്യം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കുണ്ടായ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി ചവിട്ടിയരച്ചത്. അവരോടു പറയാന്‍ ഒന്നേയുള്ളൂ. മാ നിഷാദാ....
സാധാരണക്കാരന്‍റെ മക്കള്‍ പഠിക്കാന്‍ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ മാനേജുമെന്റുകള്‍ക്കും വലതുപക്ഷ രാഷ്ട്രിയക്കാര്‍ക്കുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സമീപ ഭാവിയില്‍ ഇടതു പക്ഷത്തിനു കഴിയുമെന്ന് തോന്നുന്നില്ല. ഇതിനു ഉത്തരവാദികളായ M V ജയരാജനും ,V V രമേശനും അടങ്ങുന്ന ഭരണ സമിതി കാണിച്ച ഗുരുതരമായ പാളിച്ചകള്‍ക്ക് അവര്‍ വഹിക്കുന്ന മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തി അവരുടെ മേല്‍ തക്കതായ അച്ചടക്ക നടപടി എടുക്കുന്നതാണ് ഉചിതം എന്ന് ഞാന്‍ കരുതുന്നു.
പാര്‍ട്ടിയുടെയും ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനും യശസ്സിന്നു കളങ്കം വരുത്തിയ നേതാക്കള്‍ക്ക് അവര്‍ എത്ര തന്നെ ഉന്നതരായാലും തക്ക ശിക്ഷാനടപടി സ്വീകരിക്കണം.
2007 ല്‍ M V ജയരാജനെയും സംഘത്തെയും പരിയാരം മെഡിക്കല്‍ കോളേജിന്‍റെ സാരഥ്യം ഏല്‍പ്പിക്കുന്നത് അവിടെ കാലങ്ങളായി നടക്കുന്ന അഴിമതിയും സ്വജനപക്ഷ പാതവും അവസാനിപ്പിക്കുന്നതിനും കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലക്ക് ആകെ മാതൃകയാകും വിധത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനെ മാറ്റിയെടുക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍ രാഘവനും, സുധാകരനും മറ്റും 2006 വരെ നടത്തിയ അഴിമതികള്‍ വെളിച്ചത്ത് വിട്ടില്ല എന്ന് മാത്രമല്ല കോണ്‍ ഗ്രസ്സ് നേതാവ് അടൂര്‍ പ്രകാശിന്‍റെ മകള്‍ക്ക് മെരിറ്റ് സീറ്റ് 80 ലക്ഷം രൂപയ്ക്കു മറിച്ചു നല്കി "പുറം ചൊറിയല്‍" നടത്തുകയും, കോളേജു പ്രവേശനത്തിന്നുള്ള ഗവ: മാനദ്ന്ധങ്ങള്‍ കാറ്റില്‍ പറത്തിയും, ഭരണ സമിതി അംഗമായ DYFI സംസ്ഥാന ട്രഷറര്‍ രമേശന്‍റെ മകളുടെ NRI സീറ്റിലൂടെയുള്ള പ്രവേശനം വഴി സ്വജന പക്ഷ പാതം മുതലുള്ള ഗുരുതരമായ പളിച്ചകള്‍ക്കാണ് പരിയാരം വേദിയായത്. ഒരു വിദ്യാഭ്യാസ സ്ഥാപനം നല്ല രീതിയില്‍ നടത്തുവാന്‍ ചുമതലപ്പെട്ടവര്‍ തന്നെ അതിനു തീരാകളങ്കം ചാര്‍ത്തിയ നടപടിയെ "പേറെടുക്കാന്‍ പോയ വയറ്റാട്ടി (midwife ) ഇരട്ട പെറ്റു" എന്ന വിശേഷണമാകും അനുയോജ്യം.
വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം രാഷ്ട്രിയ നേതാക്കളില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. സത്യസന്ധത രാഷ്ട്രിയ നേതാക്കളില്‍ അന്യമാകുന്നു.
ഒരു കമ്യു ണി സ്റ്കാരന്‍റെ ഏറ്റവും അടിസ്ഥാനപരമായ ഗുണമായിരിക്കണം സത്യസന്ധത എന്ന് ഞാന്‍ വിശ്വസിക്കുന്നു. CPIM സംസ്ഥാന സമിതി അംഗം എന്ന നിലയിലും ചാനല്‍ ചര്‍ച്ചകളില്‍ വാക്ക് ചാതുര്യം കൊണ്ട് കത്തിക്കയറുന്ന രാഷ്ട്രിയക്കാരന്‍ എന്ന നിലയിലും ജയരാജന്‍റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം ലജ്ജാകരമാണ്, പ്രതിഷേധാര്‍ഹമാണ് .
ഹൈകോടതി ജഡ്ജിമാരെ ശുംഭ്ന്മാരെന്നു വിളിച്ച കേസ്സില്‍ കുറ്റപത്രം വായിച്ചു കേട്ട് പുറത്തുവന്ന ജയരാജന്‍റെ വാക്കുകള്‍ ഇപ്രകാരം " ജനങ്ങളുടെ മൌലീകാവകാശ സ്വതന്ത്ര്യത്തിന്നു വേണ്ടി പൊരുതി ജീവന്‍ ബലിയര്‍പ്പിക്കാന്‍ വരെ തയാറാവുന്ന ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് താന്‍ എന്നാണ്" . പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കുന്ന കോടതിയുടെ വിധി അപ്രായോഗികം എന്ന് സമര്‍ദ്ധിക്കാന്‍ ആറ്റുകാല്‍ പോങ്കാലയെ പരാമര്‍ശിച്ചു ഹിന്ദു വികാരം തന്‍റെ വാദത്തിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ച ഒരു വശത്ത്. കഷ്ടപ്പെട്ട് പഠിച്ചു മെരിറ്റ് ലിസ്റ്റില്‍ പേര് വന്ന വദ്യാര്‍ത്ഥികളുടെ മൌലീകാവകാശം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ജയരാജന്‍ രക്ത സാക്ഷി പരിവേഷത്തിന് നടത്തുന്ന ശ്രമം മറുവശത്ത് . ഈ ജല്‍പ്പനങ്ങള്‍ അപഹാസ്യമാണ്.
പരിയാരത്ത് ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ വരും കാലങ്ങളില്‍ കേരളത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക് അവരുടെ മൌലീകാവകാശമായ വിദ്യാഭ്യാസം നിഷേധിക്കപ്പെടാന്‍ പരോക്ഷമായി കാരണമാകും. അവകാശ സമരങ്ങള്‍ നയിക്കെണ്ടവര്‍ അതിന്‍റെ മുനയൊടിക്കാന്‍ കാരണക്കാരായി എന്നത് വലിയ വിരോധാഭാസമാണ് . CPIM ഭരിക്കുന്ന ഒരു ഭരണ സമിതി നടത്തിയ വിദ്യാഭ്യാസ കച്ചവടം അരാഷ്ട്രിയ വാദം ശക്തിപ്പെടുവാന്‍ കാരണമാക്കും എന്നതും ശ്രദ്ധേയമാണ്.
ഇനി DYFI നേതാവ് V V രമേശന്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒരു യൂണിറ്റു സെക്രട്ടറിയുടെ നിലവാരം പോലും പുലര്‍ത്തിയില്ല എന്നത് പാര്‍ട്ടി സ്റ്റഡി ക്ലാസ്സുകളില്‍ ഒന്നും കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. തന്‍റെ ഭാഗം ന്യായീകരിക്കുവാന്‍ രമേശന്‍ അവതരിപ്പിച്ച NRI ബന്ധുവും, സ്പോന്‍സര്‍ ഷിപ്പും, 50 ലക്ഷത്തിന്റെ സ്രോതസ്സും ഒക്കെ ജനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞു.മക്കള്‍ യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രായമായിട്ടും DYFI യില്‍ ഉന്നത നേത്രുത്വ സ്ഥാനം അലങ്കരിക്കുന്ന രമേശനോടു ഒന്നേ പറയുന്നുള്ളൂ. അതിമോഹം , അത് വേണ്ട മോനെ രമേശാ......
ദീര്‍ഘ കാലം കമ്യുണിസ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും
രമേശന് രാഷ്ട്രിയവും ധാര്‍മീകവുമായ ഈ തെറ്റ് എങ്ങിനെ പറ്റി എന്ന് DYFI പരിശോധിക്കണം. നിയമപരമായി തെറ്റില്ല എന്ന DYFI സംസ്ഥാന സെക്രടറി രാജേഷിന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിപ്പില്ല, നിയമത്തിലെ പഴുതുകളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു അനുകൂലമായി ദുര്യുപയോഗം ചെയ്താണ് രമേശന്‍ സീറ്റ് തരപ്പെടുത്തിയത്. കേരളത്തില്‍ ഏതു കുടുമ്പമാണ് ഏതെങ്കിലും ഒരു NRI യുടെ അകന്ന ബന്ധുവല്ലാത്തത് എന്നതും , പ്രവേശനത്തിന്റെ അവസാന തീയതിയും (Before + 2 result ), അതിനു cheque (negotiable instrument ) നല്കിയതും അങ്ങിനെ എത്ര ഉദാ: ഈ സ്വജന പക്ഷപാതം ഇപ്പോള്‍ പുറത്തു വന്നത് കൊണ്ട് സീറ്റ് ഉപേക്ഷിച്ചു തടി തപ്പാന്‍ രമേശന് കഴിഞ്ഞു , മറിച്ച് മകളുടെ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നതെങ്കില്‍ രമേശന്‍ എന്ത് മാര്‍ഗം സ്വീകരിക്കുമായിരുന്നു എന്നതും കൌതുകകരമാണ്. രമേശന്‍ അഴിമതിക്കാരനാണ് എന്ന് ഞാന്‍ പറയുന്നില്ല. പറയാന്‍ തക്ക തെളിവ് എന്റെ കയ്യിലില്ല . ഇങ്ങിനെ അഡ്മിഷന്‍ നേടുക വഴി രമേശനും കുടുമ്പവും അധികം താമസിയാതെ അഴിമാതിക്കാരാകാന്‍ നിര്‍ബന്ധിതരാകും എന്നതാണ് ഇവിടെ വിപത്തായി കാണേണ്ടത്.
ഇവിടെ ചര്‍ച്ച ചെയ്യപ്പെടെണ്ടത് ഒരു രമേശനല്ല. വര്‍ത്തമാന കാലത്ത്
കമ്യുണിസ്റ് പാര്‍ട്ടികളില്‍ അതിന്‍റെ നേതൃത്വത്തില്‍ എത്തിപ്പെടുന്നവര്‍ പൊതുവില്‍ ചെറുപ്പക്കാര്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന സ്ഥാനങ്ങളെ ഉത്തരവാ ദിത്വമായി കാണാതെ പദവിയായി കാണുന്ന സമീപനമാണ് അതിശയകരം. ചുരുങ്ങിയ കാലം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതക്കപ്പുറം എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഇവര്‍ക്ക് ഉള്ളത്. കഴിഞ്ഞ തിരെഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടി "ദത്തെടുത്ത" മുന്‍ SFI നേതാവും പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സിന്ധു ജോയ് പറഞ്ഞതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. താന്‍ ഇത്രയേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടും ഒരു വീടില്ലാത്ത തനിക്ക് വേണ്ടി പാര്‍ട്ടി ഒന്ന് ചെയ്തില്ല എന്നതാണ് അവരുടെ നേതൃത്വത്തെ സംബന്ധിച്ച അവരുടെ ദാര്‍ശനീക (?) കാഴ്ച്ചപ്പാട്. ഇത്തരം "തണ്ട് തുരപ്പന്‍ പുഴുക്കളല്ലേ" കേരളത്തിലെ കമ്യുണിസ്റ് പ്രസ്ഥാനത്തിന്‍റെ അന്ധകരാകുന്നത് എന്നതാണ് പരിശോധിക്കേണ്ടത് .ഒരു കേഡര്‍ പാര്‍ട്ടി ബഹുജന പാര്‍ട്ടിയായതിന്‍റെ എല്ലാ വൈകല്യങ്ങളും പേറുന്നതിനിടയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളും തലപൊക്കിയത് നേതൃത്വത്തിലെക്ക് പരിഗണിക്കുന്നവരുടെ ഗുണഗണങ്ങളെ സാരമായി ബാധിച്ചു എന്ന് കാണേണ്ടിയിരിക്കുന്നു. .
ഏറെ പറയുന്നില്ല. തെറ്റ് കണ്ടാല്‍ പ്രതികരിക്കാന്‍ കഴിയുന്നവരായിരിക്കണം കമ്യു ണിസ്റ്കാര്‍ . അഴിമതിയും, വിദ്യാഭ്യാസ കച്ചവടവും ഒക്കെ വലിയചര്ച്ചയാകാന് പോകുന്ന ഈ കാലയളവില്‍ ജയരാജന്‍റെ നേതൃത്വത്തില്‍ നടന്ന അഴിമതിയും , കൃത്യ വിലോപവും ഒക്കെ കണ്ടില്ലെന്നു നടിക്കുന്നത് ഈ പ്രസ്ഥാനത്തിന്നു വേണ്ടി മരിച്ചു വീണവരോട് കാണിക്കുന്ന അനാദരവാണ്. പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്ത കേരള സമൂഹം ഇതിനെതിരായി ശബ്ദിക്കുമെന്നും അങ്ങിനെ P കൃഷണപിള്ളയും AKG യും അതുപോലെ ആയിരങ്ങളും പടുത്തുയര്‍ത്തിയ കേരളത്തിലെ കമ്യുണിസ്റ് പ്രസ്ഥാനത്തിലെ കറുത്ത ശക്തികള്‍ക്കെതിരെ പ്രതികരിക്കുമെന്നും പ്രത്യാശിക്കുന്നു.
സഖാക്കളെ മുന്നോട്ട്.
സത്യമേവജയതേ
ഇന്യും രക്തസാക്ഷികള്‍ ആരെന്നു അറിയാത്തവര്‍
ഇത് കൂടി കേള്‍ക്കു. ഇവിടെ ക്ലിക്ക് ചെയ്യുകപൊതു വിദ്യാഭ്യാസ രംഗം വന്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ അതിനെ സംരക്ഷിക്കേണ്ടവര്‍ നടത്തിയ അഴിമതി ലജാകരമാണ്.