Total Pageviews

Tuesday, October 19, 2010

വോട്ടു ബാങ്കുകളും രാഷ്ട്രിയവും

   കേരളം വളരെ നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്   .ഈ അവസരത്തില്‍   ചര്‍ച്ചചെയ്യേണ്ട  അതീവ ഗൌരവമേറിയ  വിഷയമാണ്  കേരളത്തിലെ വോട്ടു ബാങ്കുകളും   മതേതര ജനാധിപത്യം  നേരിടുന്ന  വെല്ലുവിളികളും  . മുന്‍പെങ്ങുമില്ലാത്ത വിധം മത വിഭാഗീയ ചിന്തകള്‍  മലയാളിയുടെ മനസ്സിനെ കീഴ്ടക്കുന്നു. മുന്‍ കാലങ്ങളില്‍ ആരാധന ക്രമത്തിലും ,വിവാഹ ബന്ധങ്ങളിലും മാത്രമേ ഇത്തരം നിഷ്കര്‍ഷ നിലനിന്നിരുന്നുള്ളൂ . ഇന്ന് ജനിച്ച  ജാതിയുടെയും ,മതത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രം സൌഹൃദങ്ങളാകാവൂ   ,അതെ മതങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നിടത്തു നിന്ന് മാത്രമേ വിദ്യാഭ്യാസം ,ആരോഗ്യം തുടങ്ങിയ  സേവനങ്ങള്‍  ലഭ്യമാ ക്കാവൂ  എന്ന പിന്തിരിപ്പന്‍    ചിന്താഗതിയുമായി   മലയാളികളില്‍  ഒരു നല്ല വിഭാഗം  പൊരുത്തപ്പെട്ടു കഴിഞ്ഞു .  ഈ ദുഷിച്ച ചിന്തയുടെ വ്യാപ്തി അതിവേഗം വളരുകയാണ് .  എന്തിനേറെ സ്വന്തം സമുദായത്തില്‍ പ്പെട്ടവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ SHOPPING  പോലും നടത്തു എന്നാ നിലയിലേക്ക് കേരളം അധ:പതിക്കുന്നു  എന്നത് ഒരു വസ്തുതയാണ് .
                                                            മലയാളിയുടെ മതേതര  ചിന്തകള്‍ കാറ്റില്‍ പറത്തി കേരളത്തിലെ  ജാതിമത സഭകളും ,സംഘടനകളും  ആസൂത്രണം ചെയ്തു നടപ്പാക്കുന്ന  വോട്ടു ബാങ്ക് രാഷ്ട്രിയമാണ്  ഈ ഭീകരവും ദയനീയവുമായ അവസ്ഥക്ക് കാരണം .സ്നേഹത്തിന്‍റെയും, പരസ്പര  ബെഹുമാനത്തിന്‍റെയും   മൂല്യങ്ങള്‍  ചവിട്ടി മെതിച്ചു ,വിഭാഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുക വഴി  വലിയ ഒരു സാമുഹ്യ വിപത്തിനെ  നോക്കി   നിസ്സഹായതയോടെ ,ഭീതിയുടെ നിഴലില്‍ പ്രതികരിക്കനറിയാതെ മിഴിച്ചു നില്‍ക്കുകയാണ്   മലയാളി .അതുകൊണ്ടാണ്  ഇതിനു കാരണക്കാരായ  വോട്ടു ബാങ്കുകളുടെ  ഉത്ഭവവും ,വളര്‍ച്ചയും  അതിനു പിന്നിലെ മതജാതി സംഘടനകളുടെ  ആസൂത്രണങ്ങളും ,അതിനു കേരളത്തിലെ  രാഷ്ട്രിയ പ്രസ്ഥാ നങ്ങള്‍  നല്‍കിയ സംഭാവനകളും ,അത് കേരളത്തില്‍ വിതയ്ക്കാന്‍  പോകുന്ന  വിപത്തുകള്‍  എന്നിവയാണ്  ചര്ച്ചചെയ്യപെടെണ്ടത്. 

1959  ലെ വിമോചന  സമരകാലത്ത്  നായര്‍ സഭയും , ക്രൈസ്തവ  സഭയും  ഒക്കെ പ്രക്ത്യക്ഷ്മായി രാഷ്ട്രിയത്തില്‍ ഇടപെട്ടു തെരുവിലിറങ്ങിയെങ്കിലും  ഇന്നത്തെ നിലയില്‍  ജാതിമത സാമുദായിക തലത്തില്‍  പ്രകടമായ വോട്ടു ബാങ്ക്  രാഷ്ട്രിയാത്തിന്‍റെ  അടിത്തറ അതിനുണ്ടായിരുന്നില്ല. 80  കളുടെ  അവസാനത്തിലാണ്  ജാതി മത  മേലദ്ധ്യക്ഷന്മാര്‍  തങ്ങളുടെ മത ജാതി വിഭാഗത്തില്‍ പെട്ടവരെ  വിശ്വാസത്തിന്‍റെ പേരില്‍ സംഘടിപ്പിക്കുന്ന  പ്രവണത   പാരമ്യത്തിലെത്തിയതും  അങ്ങിനെ വോട്ടു ,  ബാങ്ക് എന്ന സങ്കല്‍പം പ്രവര്‍ത്തികമായതും  എന്ന് കാണാം .മേല്‍പറഞ്ഞ സംഘടനകള്‍,  സഭകള്‍ വിശ്വാസികളുടെ വോട്ടുകള്‍ ഏകോപിപ്പിച്ചു  രാഷ്ട്രിയ പ്രസ്ഥാനങ്ങക്കും മുന്നണികള്‍ക്കും വിലപേശി വില്‍ക്കുന്ന രീതിയാണ്  ഇന്ന് നിലനില്‍ക്കുന്നത് .ഭരണത്തിലെത്തുന്ന മുന്നണികള്‍  ഇത്തരം വോട്ടു ബാങ്കുകള്‍ക്ക് പ്രത്യുപകാരമെന്നോണം ഒട്ടേറെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കി പോരുന്നു .
1982 -85    കാലയളവിലാണ് ശ്രീ T .M . ജേക്കബ്‌ ആണ്    കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തുള്ള  വന്‍ കച്ചവട സാധ്യത  മത മേലദ്ധ്യക്ഷന്മാര്‍ക്ക് വിശിഷ്യ ക്രൈസ്തവ സഭക്ക്  തുറന്നു  കൊടുക്കുന്നത് . ഏറെ   വൈകാതെ മുസ്ലിം ലീഗും ഇതിന്‍റെ അനന്ത സാധ്യത  തിരിച്ചറിഞ്ഞു  വിദ്യാഭ്യാസ  വകുപ്പ് കൈക്കലാക്കി  മുസ്ലിം മത വിഭാഗങ്ങല്‍ക്കിടയിലുള്ള  തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തി .ന്യുനപക്ഷമെന്ന പരിഗണന നല്‍കി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ തങ്ങളുടെ നേട്ടമെന്ന നിലയില്‍ ചില മതനേതാക്കളും ,കേരള കോണ്‍ഗ്രസ്സുപോലെയുള്ള രാഷ്ട്രിയ പ്രസ്ഥാനങ്ങളും ജന ങ്ങളെ  തെറ്റിദ്ധരിപ്പിച്ചും  അവരുടെ വോട്ടുകള്‍ ഏകോപിപ്പിക്കുവാന്‍  കഴിഞ്ഞു.മുസ്ലിം  സമുദായത്തിലാകട്ടെ  ആത്മീയതയും ,കേരളത്തില്‍ നിലനില്‍ക്കുന്ന  അന്ധവിശ്വാസങ്ങളും  തുടങ്ങി നിരവധി സാഹചര്യങ്ങള്‍ സാധാരണക്കാരായ വിശ്വാസികളെ ഏകോപിപ്പിക്കുവാന്‍  ജാതിയ ശക്തികള്‍ക്കു കഴിഞ്ഞു.    
 കേരളത്തിലെ നായര്‍ സമുദായത്തിന്റെ   ശക്തി  മന്നത്തിന്‍റെയും,  പനമ്പിള്ളിയുടെയും  കാലശേഷം ക്ഷയിച്ചുവെങ്കിലും ഇപ്പോള്‍ വീണ്ടും ശക്തി അര്ര്‍ജിക്കുന്നതായാണ് കണക്കുകള്‍ .ന്യുനപക്ഷങ്ങള്‍ക്ക്  ലെഭിക്കുന്ന ആനുകൂല്യങ്ങളും പരിഗണനകളും ചൂണ്ടിക്കാട്ടി ഭൂരിപക്ഷം വരുന്ന സമുദായാംഗങ്ങളെ  എകൊപ്പിക്കുവാനാണ് ഇപ്പോള്‍  ശ്രമിക്കുന്നത് .എക്കാലവും കോണ്‍ഗ്രസ്സിനോടു  കൂറ് പുലര്‍ത്തിപോന്ന  N . S  .S . നേതൃത്വത്തിന്‍റെ പല്ലിന്‍റെ ശൌര്യം  പണ്ടേപ്പോലെ  ഫലിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍  സമദൂര സിദ്ദാന്ധവുമായി തിരഞ്ഞെടുപ്പുകളില്‍  രംഗപ്രവേശം   ചെയ്യുന്നത്  .ഇവരുടെ നേതൃത്വത്തിനും  പരമമായ ലക്‌ഷ്യം   വിവിധ സര്‍ക്കാരുകളില്‍  നിന്ന് ആനുകൂല്യം തരപ്പെടുത്തുകയാണെങ്കിലും  അവര്‍ മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക സംവരണ വാദം ശ്രദ്ധേയമാണ് .
S.N.D.P. ഒരു  മതേതര  സ്വഭാവത്തില്‍ രൂപികരിക്കപ്പെട്ട സംഘടനയാണ് എന്നത് പലരും വിസ്മരിച്ചു കഴിഞ്ഞു . സമീപഭാവിയിലാണ് വെള്ളാപ്പിള്ളിയുടെ നേതൃത്ത്വത്തില്‍ അതൊരു ഇഴവ തീയര്‍ വിഭാഗത്തില്‍ പെട്ടവരുടെ സംഘമായി  അധപതിച്ചു  . ഇഴവ,തീയര്‍ സമുദാ യത്തില്‍ പ്പെട്ടവര്‍ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളെന്നിരിക്കെ ഇടതുപക്ഷത്തോടാണ് ആഭിമുഖ്യം പുലര്‍ത്തിപോന്നത് .എന്നാല്‍ ഇന്ന് അവരെയും ഒരു വോട്ടു ബാങ്കായി ഏകോപിപ്പിക്കുവാന്‍ വെള്ളാപ്പിള്ളിക്ക് കഴിഞ്ഞു .

                                    തുടര്‍ന്നു നായര്‍ ,ഈഴവ സമുദായങ്ങളും കൂടുതല്‍ അവകാശ വാദങ്ങളുമായി   മുന്നോട്ടു വന്നു സ്ഥാപനങ്ങള്‍   വീതിചെടുക്കുന്ന കാഴ്ചയാണ് കണ്ടത്. മത വിശ്വാസികളുടെ  വോട്ടിന്നു വിലയായി കിട്ടിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും വിശ്വാസിക്ക് കാര്യമായ  ഒരു ഗുണവും ലഭിച്ചില്ലാ . അവരുടെ മക്കള്‍ക്ക്‌ പഠിക്കാനും , ജോലിക്കും  ലക്ഷങ്ങള്‍  കോഴയായി നല്‍കേണ്ടി വന്നു .ഇത്തരം നേട്ടങ്ങള്‍ക്കും മറ്റു താല്പര്യങ്ങള്‍ക്കും  ചില സാമുദായിക ശക്തികള്‍ വിഭാഗീയ ചിന്തകള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍  മറ്റു ചിലര്‍ ജനനം ,വിവാഹം , മരണം തുടങ്ങിയ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും  മതങ്ങളുടെ പങ്ക് അടിച്ചേല്‍പ്പിച്ച്   വിശ്വാസികളെ  വരുതിയിലാക്കി  ലക്ഷ്യം   കണ്ടു .  
                                                        ഇതിന്‍റെ മറ്റൊരു വശം   ചില  രാഷ്ട്രിയ താല്പര്യങ്ങളാണ് . മാറി മാറി വരുന്ന  L.D.F.  സര്‍ക്കാരുകള്‍  ലോകത്തെ തന്നെ മുതലാളിത്ത ശ ക്തികള്‍ക്കും , ഇത്തരം മത  സാമുദായിക നേതാക്കന്മാര്‍ക്കും ഒരു തലവേദനയായി  എന്നുവേണം കരുതാന്‍ .1959 ലേത്  പോലെ ഒരു വിമോചനസമരം  ഇന്നത്തെ നിലയില്‍ സാധ്യമല്ലെങ്കിലും ,ചില    T .V    പത്ര    മധ്യമങ്ങളും ,മത മേലദ്ധ്യക്ഷന്മാരും  ചേര്‍ന്ന്  ഒരു അപ്രഘ്യാപിതാ  വിമോചനം  സമരം നടത്തുന്നില്ലേ   എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ഇങ്ങിനെ വോട്ടു ബാങ്ക് സൃഷ്ടിക്കാനുള്ള പരക്കം പാച്ചിലില്‍ മലയാളിക്ക് കൈമോശം  വന്നത്  കേരളത്തിന്‍റെ     ഉയര്‍ന്ന ജനാധിപത്യ മതേതര  സംസ്കാരമാണ് .
                                                           വോട്ടു ബാങ്ക് രാഷ്ട്രിയത്തില്‍   ഭൂരിപക്ഷ വര്‍ഗ്ഗീയതയേക്കാള്‍ , ന്യുനപക്ഷ വര്‍ഗീയതക്കാണ്  കേരളത്തില്‍  വേരോട്ടം ലഭിച്ചത് എന്നത് വടക്കെ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍  നിന്ന് വ്യത്യസ്ത മായ ഒരു അനുഭവമാണ്.   ന്യുനപക്ഷ ങ്ങള്‍  തുടക്കത്തില്‍  വളരെ സമാധാന പരമായി  മാത്രമേ  സംഘടിക്കാരുള്ളൂ  എങ്കിലും   പിന്നീട് അതിലും വൈരുദ്ധ്യങ്ങള്‍ ഉടലെടുത്തു  അധികാരവടം വലിയുടെ ഭാഗമായി  വിവിധ വിഭാഗങ്ങളായി  തിരിയുന്നു . ഇങ്ങിനെ ഉടലെടുക്കുന്ന  വിഭാഗങ്ങള്‍ വിശ്വാസികളെ കൈയ്യിലെടുക്കാന്‍  വിഭാഗീയവും തീവ്രവാദ സ്വഭാവമുള്ളതുമായ  മുദ്രാവാക്യങ്ങള്‍ പുറത്തെടുക്കുമെന്നതാണ് ചരിത്രം .സിഖു കാരുടെ ഖലിസ്ഥാന്‍ വാദവും ,മഹാരാഷ്ട്രയിലെ  ശിവസേനയും , കേരളത്തിലെ ISS /  PDP  ,പോപ്പുലര്‍ ഫ്രണ്ട്  തുടങ്ങിയ വയുടെ ഉത്ഭവവും  വളര്‍ച്ചയും   ഇതിനു  ഉദാഹരണങ്ങള്‍   മാത്രം  .   E.M.S. ഉം  A . K . ANTONY  യുമാണ്‌   ന്യുനപക്ഷ  വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയുംഒരു പോലെ   അപകടകാരിയാണ്   എന്ന്   പരസ്യമായി പറഞ്ഞവര്‍ . E.M.S. നു മുന്‍പില്‍  മത  സാമുദായിക സംഘടനകള്‍ക്ക്  പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിലെങ്കിലും അത്തരം ഒരു പ്രസ്താവനയുടെ പേരില്‍    ANTONY ക്ക് നല്കേണ്ടി വന്നത്  കേരള രാഷ്ട്രി യകളവും  മുഖ്യമന്ത്രി   കസേരയുമാണ്. ഇതു കേരളത്തിലെ  മതേതര   ജനാധിപത്യ വിശ്വാസികളെ ഇന്നും വേദനിപ്പിക്കുന്നു  .ഇതിനു ശേഷം  കേരളത്തില്‍  ഏതാനും ഇടതുപക്ഷ നേതാക്കന്മാരും ,കോണ്‍ഗ്രസ്സിലെ  ആര്യാടന്‍ മുഹമ്മദിനേപ്പോലെയുള്ളവരുടെ  ഒറ്റപ്പെട്ട ശബ്ദം മാത്രമാണ് മതേതര വിസ്വാസികക്ക് പ്രതീക്ഷ നല്‍കുന്നത് .എന്നാല്‍  ഏറ്റവും ദു:ഖകരമായ  വസ്തുത ചില  ഇടതു പക്ഷ നേതാക്കന്മാരു പോലും  ജാതി മത സംഘടനകള്‍ക്ക്  മുന്നില്‍ സന്ധി ചെയ്തു എന്നതാണ്. പാര്‍ലമേണ്ടറി  വ്യാമോഹത്തിന്‍റെ  പിടിയിലകപ്പെട്ടു പോയ  ചിലരുടെ  അതിബുദ്ധിയും, കുറുക്കുവഴി തേടിയുള്ള പ്രയാണ വുമാണ്  ഇതിനു കാരണം . ജനകീയ പ്രശ്നങ്ങളും ,സമരങ്ങളും  ഏറ്റെടുത്തു  രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുക ക്ലേശകരമായ ഒരു പ്രക്രീയയാണ് . അതിനെ മാറി കടക്കാനുള്ള എളുപ്പ വഴി ഇത്തരം വോട്ടുബാങ്കുകളുടെ  "നല്ല പിള്ള" യായി വര്‍ത്തിക്കുകയാണ്  എന്ന് കരുതുന്നവരാണ്  ഇത്തരം നേതാക്കള്‍  . തിരഞ്ഞെടുപ്പ്   അടുക്കുമ്പോള്‍  അരമനയും , മര്‍ക്കസ്സും, ജമാ അത്തെ  ഇസ്ലാമി ,M . E .S ,PDP  ,പോപ്പുലര്‍  ഫ്രണ്ട് തുടങ്ങിയവരുടെ തിണ്ണയും , പെരുന്നയും, വെള്ളാപ്പിള്ളി യുടെ എറയവും  നിരങ്ങുന്ന രാഷ്ട്രിയ  നേത്രുത്വമാണ്  വോട്ടുബാങ്ക്കളുടെ   വളര്‍ച്ചക്ക് കാരണമാകുന്നത് .കേരളത്തിലെ മത സൌഹാര്‍ ദ്ധ  അന്തരീക്ഷം  തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍  കൈമോശം വന്ന ഈ നേതാക്കളാണ് ഒരു വലിയ പങ്ക് വഹിച്ചത്   . ഇതുപോലെ വോട്ടു ബാങ്കുകളില്‍ അഭയം തേടിയവര്‍  മറ്റൊരര്‍ഥത്തില്‍  വിഷ സര്‍പ്പങ്ങള്‍ക്ക്  വിളക്കു വയ്ക്കുകയാണ്  ചെയ്യുന്നത് . 
                                      രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ  വോട്ടു ബാങ്ക്കളോടുള്ള  സമീപനം കൂടി  പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സ്  എന്നും  വോട്ടു ബാങ്ക് രാഷ്ട്രി യത്തില്‍ തല്‍പ്പരരാണ് . തത്വ ദീക്ഷ യില്ലാതെ , ഭരണത്തിനു വേണ്ടി ആരുമായും സന്ധി ചെയ്യാന്‍ അവര്‍ തയ്യാറായി . കേരള കോണ്‍ഗ്രസ്സിന്‍റെ  തുടക്കം മുതലെ അവര്‍ കത്തോലിക്കാ വിഭാഗത്തിന്‍റെ പാര്‍ട്ടിയായി  നിലനിന്നു പോന്നു . എന്നാല്‍ ഏറ്റവും ലജ്ജാകരമായ വസ്തുത ചില പുരോഹിതര്‍ സമീപ കാലത്ത്  ജോസഫ്‌ ,മാണി ലയനത്തിന്  മധ്യസ്ഥരായെന്നതും , ചങ്ങനാശ്ശേരി ബിഷപ്പ് ഹൌസ് L .D .F .  സ്ഥാനാര്‍ഥി കളെ  പിന്തിരിപ്പിക്കാന്‍  ശ്രമിച്ചു എന്ന വാര്‍ത്തയുമാണ്‌ .ഇങ്ങിനെ വോട്ടു ബാങ്ക് നടത്തുകയും പോരാഞ്ഞ്‌ നേരിട്ട് രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുകയും  ചെയ്യുന്നതു ലജ്ജാകരമാണ് . അതി തീവ്രവാദം പ്രചരിപ്പിക്കുന്ന  പോപ്പുലര്‍ ഫ്രണ്ടിന്‍റെ  വോട്ടു U.D. F. ണ് വേണ്ട എന്ന് പറഞ്ഞ ചില നേതാക്കളെ തിരുത്തി രംഗത്ത് വന്ന ഉമ്മന്‍ ചാണ്ടിയുടെയും  മാണിയുടെയും  കൈകളില്‍ കേരളം  ഭദ്രമല്ല  എന്ന് തറപ്പിച്ചു പറയാം .
എന്നാല്‍  കേരളത്തില്‍ ഇനി ഒരു  U.D.F.  ഭരണം വന്നാല്‍  അതിന്‍റെ സാര്‍ഥ്യം ഇവരുടെ കൈകളിലാണ്  എത്തിപ്പെടുന്നത് എന്ന തിരിച്ചറിവ്  നമ്മുടെ ( മതേതര  വിശ്വാസിയുടെ )മനസ്സില്‍  ഒരു കനലായ്   എരിയുന്നു
                                                 ഇടതുപക്ഷവും ,നേതൃത്വം കൊടുക്കുന്ന CPM  മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി  പിടിക്കുന്നു എന്നാണു  വിശ്വാസം . എന്നാല്‍ സമീപ കാലങ്ങളില്‍  അതിന്‍റെ നിലപാടുകളിലും ജീര്‍ണത  കണ്ടു വരുന്നു . മുസ്ലിം വോട്ടു ബാങ്കിനെ  കൈയ്യിലെടുക്കാന്‍ നടത്തിയ പല ശ്രമങ്ങളും അവമതിപ്പുണ്ടാക്കി. മലപ്പുറം ജില്ലയുടെ രൂപികരണം മുതല്‍ . കഴിഞ്ഞ ലോകസഭ  തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ  PDP ബന്ധം വരെ ഇതിനു തെളിവാണ് .മദ്രസ്സാ അധ്യാപകരുടെ  പെന്‍ഷന്‍ പ്രതിമാസം  രൂപ 4000 /-  അനുവദിചതിന്നു  പിന്നിലെ ചേതോ വികാരം  വോട്ടു ബാങ്ക് രാഷ്ട്രി യത്തെ  പ്രോത്സാഹിപ്പിക്കുന്നവയാണ്. ജനങളുടെ നികുതി പണം ഇങ്ങിനെ സാമുദായിക പ്രീനനത്തിനു  ഉപയോഗിക്കുന്നത്  നെറികേടാണ്. ഒപ്പം  ഒന്ന് കൂടി  ഓര്‍ക്കുക  കര്‍ഷക തൊഴിലാളി പെന്‍ഷന്‍  ഇന്നും പ്രതിമാസം  300  രൂപയും , ദിനേശ് ബീഡി തൊഴിലാളി പെന്‍ഷന്‍ പ്രതിമാസം രൂപ 500 /- മാണ്.  ഉടനെ തന്നെ ജ്യോല്‍സ്ന്‍മാര്‍ക്ക്  പെന്‍ഷന്‍  അനുവധിക്കുമെന്നു  കേള്‍ക്കുന്നു  . ഇങ്ങിനെ പോയാല്‍ കേരളത്തിലെ വെളിച്ചപ്പടുകള്‍ക്കും , ദുര്‍മന്ത്ര  വാദികള്‍ക്കും പെന്‍ഷന്‍  ലഭിക്കുന്ന  നാള്‍ വിദൂരമല്ലാ  .ഇത് മതേതര  ജനാധിപത്യ  വിശ്വാസികളെ  അലോസരപ്പെടുത്തുന്നു .
                                                          BJP  യുടെ  കേരള നേതൃത്വം  VOTE FOR  SALE  എന്ന ബാനറുമായാണ്  തിരഞ്ഞെടുപ്പുകളെ  സമീപിക്കുന്നത്  എന്നത് കൊണ്ട്  ഒരു വലിയ വിപത്തില്‍ നിന്ന് തെന്നി മാറി നില്‍ക്കുകയാണ് കേരളം . എന്നാല്‍  വിവിധ മുന്നണികളുടെ ന്യുനപക്ഷ പ്രീണനവും ,ന്യുനപക്ഷങ്ങല്‍ക്കിടയിലെ  തീവ്രവാദ സ്വഭാവമുള്ള  പ്രവര്‍ത്തനങ്ങളും   ഭൂരിപക്ഷ  വരുന്ന ഹിന്ദു മത വിശ്വാസികളെയും  അവരുടെ  വോട്ടിനെയും  ക്രോഡികരിക്കാന്‍  BJP ക്ക്  സഹായകരമാകും . ഇതിനായി  വര്‍ഗീയ കലാപങ്ങള്‍  നടത്തുന്നതിനു കൊട്ടേഷന്‍  കൊടുക്കുന്ന വടക്കെ ഇന്ത്യന്‍  രീതി കേരളത്തിലും ആവര്‍ത്തിക്കും .ശ്രീ രാമസേനയുടെ  പ്രമോദു  മുത്തലിക്കിനെ http://www.dnaindia.com/bangalore/report_pramod-muthalik-caught-on-cam-promising-riots-for-a-price_1382858-all   പോലുള്ളവര്‍ കേരളത്തിനു ഏറെ അകലയല്ല എന്നത് കേരളത്തിലും  ഗുജറാത്ത് ,ഒറീസ മോഡല്‍ കലാപങ്ങള്‍ക്കുള്ള  സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈയോരാപത്തിനെ ചെറുക്കാന്‍ മത നിരപേക്ഷ   ബോധമാണ്   കേരളത്തില്‍ ശക്തി പ്രാപിക്കേണ്ടത്‌ .
                                                  കഴിഞ്ഞ ദിവസം  ഓ രാജഗോപാല്‍ കണ്ണൂരില്‍  നടത്തിയ മീറ്റ്‌  ദി പ്രസ്‌ പരിപാടിയില്‍  രാഷ്ട്രിയത്തില്‍  മതങ്ങള്‍ക്ക്   ഇടപെടാം എന്ന അഭിപ്രായം   ഒരു  വന്‍ വിപത്തിന്‍റെ  മുന്നറിയിപ്പാണ് BJP യുടെ അധികാരത്തിലേക്കുള്ള  പ്രയാണത്തില്‍  ഭൂരിപക്ഷ മതവും കേരള  രാഷ്ട്രിയത്തില്‍  ഇടപെട്ട്  തങ്ങളുടെ  വോട്ടു ബാങ്ക് സൃഷ്ടിക്കുമെന്നതിന്‍റെ സൂചനയാണ് . ഇത് സാധ്യമാകാന്‍ അവര്‍ എല്ലാത്തര വിഭാഗീയ വിധ്വംസക  പ്രവര്‍ത്തനങ്ങള്‍ക്കും  കേരളത്തെ വേദിയാക്കും എന്ന് സാരം .
അതിന്‍റെ മറവില്‍ നടക്കാന്‍ പോകുന്ന  കലാപങ്ങളില്‍ ബാലിയാടാകുന്നത് നമ്മുടെ നാട്ടിലെ സാധാരണ മനുഷ്യരാണ് .കര്‍ണാടകം വരെ എത്തി നില്‍ക്കുന്ന ഈ വിപത്തിനെ  കണ്ടില്ലെന്നു നടിക്കുവാന്‍  മതേതര  വിശ്വാസികള്‍ക്കാകില്ലാ.അതുകൊണ്ടാണ് വോട്ടു  ബാങ്ക് രാഷ്ട്രിയത്തിന്നു  വിരാമമിട്ടു  മതേതര കൂട്ടായ്മയില്‍  അണി ചേരേണ്ടതിന്‍റെ  ആവശ്യകത സജ്ജീവ ചര്‍ച്ചയാകുന്നത്. 
                                        ഇത്തരം വിപത്തുകള്‍ക്കെതിരെ  ന്യുനപക്ഷ  മത സമൂഹങ്ങള്‍  ആയുധമെടുത്തും അല്ലാതെയും  സംഘടിക്കുന്നതും , വോട്ടു  ബാങ്കിന്‍റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതും  പ്രശ്നങ്ങള്‍ കൂടുതല്‍  സങ്കീര്‍ണമാക്കും .കാരണം  EMS പറഞ്ഞത് പോലെ  ന്യുനപക്ഷങ്ങള്‍ എത്രയൊക്കെ  സംഘടിച്ചാലും ന്യുനപക്ഷമായി  തന്നെ നിലനില്‍ക്കും  എന്നാതാണ് .അവര്‍  ഒരിക്കലും  ഭൂരിപക്ഷം  ആകാന്‍ കഴിയില്ലാ .ന്യുനപക്ഷ  ഭൂരിപക്ഷ വ്യത്യാസ മില്ലാതെ  ഒരു വിശാല മത നിരപേക്ഷ  കൂട്ടായ്മ  നിലവില്‍ വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ് .
മറിച്ച്   സമ്പവിച്ചാല്‍   ജാതി മത  സാമുദായിക ശക്തികള്‍     മലയാളിയുടെ സാംസ്കാരിക  പൈതൃകത്തെയും  , സ്വൈര്യ  ജീവിതത്തെയും  എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പോന്ന  ഉഗ്ര സ്ഫോടനശേഷിയുള്ള   ആണവായുധമായി  മാറും എന്ന് തീര്‍ച്ച .


                                                     

3 comments:

  1. Eni ennu janangalkku(nalla) nalla kalam varum....
    Kalikalathu "asura" sakthikalkanu power kuduthal ennu noottandukalkku munpu "acharyanmar" ezhuthivechitundu...
    ethra seriyanathu...100% correct.

    ReplyDelete
  2. ".... ഭരണത്തിലെത്തുന്ന മുന്നണികള്‍ ഇത്തരം വോട്ടു ബാങ്കുകള്‍ക്ക് പ്രത്യുപകാരമെന്നോണം ഒട്ടേറെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കി പോരുന്നു ......"

    Ethinethire poraduvan oru pledge and 100% pravrathanam mathiyille ororutharudeyum sidil ninum???

    Nammukku orumichu prathinja edukkam:
    "Njan enthe kuttikale GOVT.Schoolile cherkku..."

    100% from my mind... njan enthe manasil urapichu kazhinju....(ente kayile ethra cash undengilum)
    "Ente kuttikale Govt.Schoolukalile cherkku"

    Ente cash medichu angine arum kemanavenda...

    ReplyDelete
  3. ".... ഭരണത്തിലെത്തുന്ന മുന്നണികള്‍ ഇത്തരം വോട്ടു ബാങ്കുകള്‍ക്ക് പ്രത്യുപകാരമെന്നോണം ഒട്ടേറെ ആനുകൂല്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കി പോരുന്നു ......"
    (see in : http://satyamevajayatepravasi.blogspot.com/2010/10/blog-post_19.html?showComment=1297752138459#c438125521064172365)

    ഇതിനെതിരെ പോരാടുവാന്‍ ഒരു പ്രതിഞ്ഞ്ജയും 100 % പ്രവര്‍ത്തിയും മതിയില്ലേ ഓരോരുത്തരുടെയും ഇടയില്‍ നിന്നും?

    നമ്മുക്ക് ഒരുമിച്ചു പ്രതിഞ്ഞ്ജ എടുക്കാം :
    "ഞാന്‍ എന്‍റെ കുട്ടികളെ GOVT. സ്കൂളിലെ ചേര്‍ക്കു ..." (എന്‍റെ കയില്‍ എത്ര കാശ് ഉണ്ടെങ്കിലും)

    100% from my mind... ഞാന്‍ എന്‍റെ മനസ്സില്‍ പണ്ടേ ഉറപിച്ചു കഴിഞ്ഞു ...(എന്‍റെ കയില്‍ എത്ര കാശ് ഉണ്ടെങ്കിലും)
    "ഞാന്‍ എന്‍റെ കുട്ടികളെ GOVT. സ്കൂളിലെ ചേര്‍ക്കു ..." (എന്‍റെ കയില്‍ എത്ര കാശ് ഉണ്ടെങ്കിലും)

    എന്‍റെ കാശ് മേടിച്ചു അങ്ങിനെ ആരും കേമാനാവേണ്ട ...

    ഞാന്‍ കണ്ട / കാണുന്ന എല്ലാ കമ്മൂണിസ്റ്റ്കാരും "പോസ്റ്റര്‍ ഒട്ടിക്കാന്നും ധര്‍ണ / സമ്മേളനം നടത്തുവാനും വേണ്ടി ഉള്ളവരാണ്"
    അല്ലാതെ ഒരു കമ്മൂണിസവും അവരുടെ സ്വന്തം കാര്യത്തില്‍ കണ്ടിട്ടില്ല..

    ReplyDelete