Total Pageviews

Tuesday, October 12, 2010

പിതാവേ,ഇവരോട് ക്ഷമിക്കേണമേ,എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല!

  പിതാവേ,ഇവരോട്   ക്ഷമിക്കേണമേ,എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല!  (ലൂക്കാ 23 - 34 )   ഇതാണ് 
ചങ്ങനാശ്ശേരി ബിഷപ്‌ഹൌസ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ  മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നേരിട്ട് ഇടപെട്ടു  എന്നാ വാര്‍ത്ത‍വായിച്ചപ്പോള്‍  എനിക്ക് ഓര്‍മവന്നത് .ഇത്  കേരളത്തിലെ എല്ലാ മത,ദൈവവിശ്വാസികളെയും ജനാതിപത്യമതേതര  വിശ്വാസികളെയും ഒരു പോലെ  ആശ്ച്ചര്യപ്പെടുത്തുകയും , ലജ്ജിപ്പിക്കുകയും  ചെയ്ത ഒന്നാണ്  എന്ന് കരുതുന്നു . ദൈവശുശ്രൂഷ നടത്തുകയും ,ക്രിസ്തുവിന്‍റെ സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണ് അരമനയിലും വിശിഷ്യ ബിഷപ്‌ ഹൌസിലുമുളള  പുരോഹിതരുടെ പരമവും പ്രധാനവുമായ കര്‍ത്തവ്യം എന്നാ ഒരു സാധാരണ  സഭാവിശ്വാസിയുടെ  വിശ്വാസമാണ് തകര്‍ന്നടിഞ്ഞത് .
                                                        തിയോളജിയെക്കാള്‍ രാഷ്ട്രി യത്തിലും , ബിസിനസ്സിലും  തല്‍പരരായ  ഏതാനും ചിലര്‍ സെമിനാരിയില്‍  ചേര്‍ന്ന് പട്ടം സ്വികരിച്ചു , ഇന്ന് കേരളത്തിലെ ബിഷപ്‌ ഹൌസിലും ,അരമനകളിലും  നുഴഞ്ഞു കയറി  U.D.F. നു  വേണ്ടി  രാഷ്ട്രിയ പ്രവര്‍ത്തനം  നടത്തുന്നു എന്ന് ആരെങ്കിലും  സംശയിച്ചാല്‍  അവരെ തെറ്റ്  പറയാന്‍ കഴിയില്ല എന്നതാണ് സമീപകാല  ഇടയ ലേഖനങ്ങളും, ഒടുവിലെ ചങ്ങനാശേരിയിലെ  സംഭവവും  സൂചിപ്പിക്കുന്നത് . ഇങ്ങിനെ ദൈവനാമത്തില്‍  ഇടയ  ലേഖനങ്ങള്‍  മുഖേനയും   നേരിട്ടുള്ള  ഇടപെടലുകള്‍ വഴിയും രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നത് 3 മത്തെ കല്‍പ്പനയുടെ  പരസ്യമായ ലംഘനമല്ലേ   എന്ന് ആരും സംശയിച്ചുപോകും.
ആരാധനാലയങ്ങളെയും ,സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന  സ്ഥാപനങ്ങളേയും മറയാക്കി ഏതാനും ചിലര്‍  ഒളിഞ്ഞും  തെളിഞ്ഞും  നടത്തുന്ന ഇത്തരം   നഗ്നമായ രാഷ്ട്രിയ പ്രവര്‍ത്തനങ്ങള്‍  സഭയുടെ അന്തസ്സിനേയും ,പ്രസ്തുത മതവിശ്വാസികളുടെ യശസ്സിനെയും ബാധിക്കുമെന്ന് തീര്‍ച്ച .
ഇങ്ങിനെ    ഇടപെടുന്നത്  ഒരു സത്യസന്ധമായ   പ്രവണതയല്ല എന്ന് പറയേണ്ടിയിരിക്കുന്നു.മാത്രമല്ല നിങ്ങള്‍ക്ക്‌ സര്‍വ സ്വാതന്ത്ര്യതോടും കൂടി ദൈവ ശുശ്രൂഷയും മതപ്രവര്‍ത്ത്നവും നടത്തുവാന്‍ പരിരക്ഷ നല്‍കുന്ന ഇന്ത്യാ രാജ്യത്തെ ഭരണഘടനയോടും ,ഭരണഘടനാനുസ്രിതമായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങലോടുമുള്ള  കടുത്ത അവഗണനയും, വെല്ലുവിളിയുമായെ  ഇതിനെ   കാണാന്‍ കഴിയൂ .ഇത്തരം പ്രവര്‍ത്തന്‍ങ്ങളില്‍  ഏര്‍പ്പെടുന്ന പുരോഹിതരുടെ ഉദ്ദേശശുദ്ധിയെകൂടി സംശയിക്കണം .വടക്കെ ഇന്ത്യയിലെ കാവിയുടുത്ത ചില സന്യാസിമാരുടെതു   പോലെ തരംതാണ്   പോകരുത് സഭാ നേതൃത്വംകൊടുക്കുന്നവര്‍  എന്ന് നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു കാരണം കേരളത്തെ ഇന്നത്തെ നിലയില്‍ വിദ്യസമ്പന്നരുടെ നാടക്കിതീര്‍ക്കാന്‍ ക്രിസ്ത്യന്‍ മിഷിനറിമാര്‍ വഹിച്ച പങ്കു വളരെ വലുതാണ്‌. 
                                                                മത,സാമുദായിക നേതാക്കളുടെയും ,സംഘടനകളുടെയും രാഷ്ട്രി യത്തിലുള്ള  ഇടപെടല്‍ രാജ്യത്തിന് ദോഷം ചെയ്യും എന്നത് ഒരു ചരിത്ര  സത്യം  മാത്രമാണ്. പാകിസ്താന്‍  ഇതിന്‍റെ ഒരു ഉദാഹരണമായി  കാണാം .  ഇന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളില്‍   കൂടുതലും വര്‍ഗീയ സ്വഭാവമുള്ളവയാണെന്ന് കാണാം.ഇതിന്‍റെ  കാരണവും മതങ്ങളുടെ  രാഷ്ട്രിയ  ഇടപെടലുകളും  ,താത്പര്യങ്ങളുമാണ് .
                                            നമ്മുടെ  അഭ്യസ്ത വിദ്യരുടെ  കേരളത്തിലും മതേതരത്വത്തിനും മതനിരപേക്ഷ്തക്കും   കടുത്ത  വെല്ലുവിളിയാണ് ഇന്ന് നേരിടുന്നത് . ഇതു   ഏതൊരു   മലയാളിയുടെയും  സ്വൈര്യജീവിതത്തിനു  തടസ്സമാകുമെന്ന  ചിന്ത നമ്മെ   അലോസരപ്പെടുത്തുന്നു . മത ,സാമുദായിക സംഘടനകളുടെ രാഷ്ട്രി യത്തിലുള്ള ഇടപെടലുകള്‍  ചില കച്ചവട താത്പര്യങ്ങളെ മുന്‍ നിറുത്തി  വോട്ടു ബാങ്ക് സ്രിഷ്ടിച്ചുകൊണ്ടുള്ള    ഒരു അപകടകരമായ  പ്രവണതയാണ്. കേരളത്തില്‍   വിശ്വാസത്തെ മുതലെടുത്ത്‌ ക്രിസ്ത്യന്‍ ,മുസ്ലിം ,നായര്‍ ,ഇഴവ  വിഭാഗങ്ങള്ലായി തിരിഞ്ഞു  രാഷ്ട്രിയ പാര്‍ടി കളെയും ,നേതാക്കളെയും , എന്തിനു സര്‍ക്കാരിനെ  തന്നെ വരുതിയില്‍ നിറുത്തുന്ന  കാഴ്ചയാണ് ഇന്ന് കാണുന്നത് . കേവലം  മെഡിക്കല്‍ , ഏഞ്ചിനീയറിങ്ങ് കോളേജു കള്‍ക്കായി തുടങ്ങിയ  ഇത്തരം വോട്ടു ബാങ്കുകള്‍  പിന്നിട് ആരോഗ്യ രംഗത്തും മറ്റെല്ലാ വ്യവസായ തല്പര്യങ്ങല്‍ക്കുമായി  മത നേതാക്കള്‍ ഇന്ന് ഉപയോഗിക്കുന്നതായി കാണാം . ക്രിസ്ത്യന്‍ സഭകളുടെ ഇത്തരം വിദ്യാഭ്യാസ കച്ചവട താല്പര്യങ്ങളാണ് U . D . F . നു വേണ്ടി പരസ്യമായി രംഗത്ത് വരുവാന്‍ അരമാനയിലിരിക്കുന്ന ചില പുരോഹിതന്‍മാരെ പ്രേരിപ്പിക്കുന്നത് . 
                      അനന്തരം അവന്‍ ദേവാലയത്തില്‍ പ്രവേശിപ്പിച്ചു ,
                      അവിടെ കച്ചവടം നടത്തികൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി.
                    അവന്‍ അവരോടു പറഞ്ഞു എന്‍റെ ഭവനം "പ്രാര്‍ത്ഥനയുടെ ഭവനമാണ്"  എന്നെഴുതപ്പെട്ടിരിക്കുന്നു .
                     നിങ്ങളോ അതിനെ കച്ചവടക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.(ലൂക്കാ 19 -46 ) (ദേവാലയ ശുദ്ധീകരണം)
 ഈ സുവിശേഷം ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ട  മുഴുവന്‍ മത നേതാക്കളും ഒരു വട്ടം വായിക്കുന്നത് അഭികാമ്യം എന്ന് തോന്നുന്നു .ഇതിന്‍റെ മറ്റൊരു രസകരമായ വസ്തുത വിശ്വാസികളെ എണ്ണി കാണിച്ചു വിലപേശി വാങ്ങിയ ഒരു മെഡിക്കല്‍ , ഏഞ്ചിനീയറിങ്ങ് കോളേജിലോ മറ്റിതര സ്ഥാപനങ്ങളിലോ വിശ്വാസി യുടെ  മക്കള്‍ക്ക് പഠിക്കാനും , ജോലി ലഭിക്കാനും ലക്ഷങ്ങള്‍  "കോഴായായി"കൊടുക്കണം  എന്നതാണ് വസ്തുത   .കോഴയുടെ കാര്യത്തില്‍ വിശ്വാസി എന്നോ അവിശ്വാസി എന്നാ ഒരു വേര്‍തിരിവും ഇതിന്‍റെ  നടത്തിപ്പുകാര്‍ക്കില്ല.  അവിടെ പണമാണ് മാനദണ്ഡം .ഇത്തരം   കച്ചവട തല്പര്യതോടു  കൂടിയ മത രാഷ്ട്രിയ ബാന്ധവം പിന്നീട് മത മൌലീക വാദത്തിലേക്കും  ,  അങ്ങിനെ   ഭീകരവാദത്തിലേക്കും  രാജ്യത്തെ കൊണ്ടെത്തിക്കും. 80 കളിലെ ഇന്ത്യയെ  പിടിച്ചു കുലുക്കിയ സിക്ക്  തീവ്രവാദം  ഇതിനു ഒരു ഉദാഹരണം മാത്രമാണ്.ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത ഈ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മതമൌലീക വാദികളെയും, അവരുടെ മുന്‍കാല കോണ്‍ഗ്രസ് ബന്ധവും ഒരു വലിയ പാഠമാണ് ഇന്ത്യക്ക് നല്‍കിയത്.
അയര്‍ലെണ്ട് പോലെയൊരു ക്രിസ്ത്യന്‍ രാജ്യത്തിന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്ന് വിലയിരുത്തുന്നത് ഈ അവസരത്തില്‍  പ്രയോജനപ്പെടുമെന്ന് കരുതുന്നു . ഇവിടെ 90 % ക്രിസ്ത്യന്‍ മത വിശ്വാസികള്‍  ആയിരുന്നിട്ടും  സഭ രാഷ്ട്രിയത്തില്‍  ഇടപെടുന്നില്ല . ഒരു പ്രതേക രാഷ്ട്രിയ പാര്‍ടിക്കും, നേതാവിനും പിന്തുണയോ ,എതിര്‍പ്പോ സഭ പ്രകടിപ്പിക്കുന്നില്ല . ആര്‍ക്കു വോട്ടു ചെയ്യണമെന്നു സഭ ഇടയലേഖനങ്ങള്‍ വഴി വിശ്വാസികളെ അടിചേല്‍പ്പിക്കുന്നില്ല . മതങ്ങള്‍ക്ക്  അതിന്‍റെ  വഴി  . രാഷ്ട്രിയക്കാര്‍ക്ക്  അവരുടെ വഴി."സീസറിനുള്ളത് സീസറിനു ദൈവത്തിനുള്ളത് ദൈവത്തിനു "  അത് പോലെ തന്നെ  സഭയുടെയും ,ഇത് നമ്മുടെ രാജ്യത്തെ സഭ നേതൃത്വം കണ്ടു പഠിക്കേണ്ടതാണ് പൊതുവില്‍  അയറിഷ്  ജനങ്ങളുടെ സത്യസന്ധതയേയും  എടുത്തുപറയേണ്ടതാണ് . എന്നാല്‍ ഇവിടുത്തെ പബ് സംസ്കാരവും ,കുത്തഴിഞ്ഞ കുടുംബ ബന്ധങ്ങളും  ജീര്‍ണതകള്‍ തന്നെ .പക്ഷെ അവയെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയുടെയും ,ബ്രിടീഷ്  കോളനി വാഴ്ചയുടെയും  സംഭാവനയായി  കാണണം .മറിച്ചു പലരും പ്രചരി പ്പിക്കുന്നത് പോലെ  ഇവിടുത്തെ  ക്രൈസ്തവ സഭയുടെ പരാജയമായി കാണരുത് .എന്നാല്‍ മലയാളികള്‍ക്കിടയില്‍  വളര്‍ന്നുവരുന്ന തലമുറയെ ചൂണ്ടി കാട്ടി പലരും രക്ഷ കര്‍ത്താകളെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തി മതപ്രവര്‍ത്തനം  നടത്തുന്ന  പ്രവണത കണ്ടു  വരുന്നു . ഇത് നീതികരിക്കാനാകില്ല . കാരണം അടി ച്ചേ ല്പ്പിക്കുന്നതെന്തും  കുട്ടികള്‍, യുവാക്കള്‍ അപ്പാടെ സ്വികരിക്കാറില്ല  .
നമ്മുടെ രാജ്യത്തെ  ക്രൈസ്തവ  സഭയും അതിന്‍റെ പ്രവര്‍ത്തനങ്ങളും   ആകെ തകരാറിലാണ് എന്ന് അഭിപ്രാമില്ല .എങ്കിലും സമീപ കാലത്ത് സമൂഹത്തെ ബാധിച്ച മൂല്യച്യുതികള്‍  നമ്മുടെ മത സാമുദായിക രാഷ്ട്രിയ നേത്രുത്വത്തെയും  ദോഷകരമായി ബാധിച്ചു    എന്ന് വേണം  കരുതാന്‍ . ഇതിനു മാറ്റം വരാത്തിടത്തോളം കാലം   സാമൂഹ്യ പുരോഗതി ഒരു മരീചികയായി അവശേഷിക്കുമെന്ന് തീര്‍ച്ച. 

2 comments:

  1. ചങ്ങനാശ്ശേരി രൂപതയില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണു രൂപതയില്‍ നിന്നുള്ള വാര്‍ത്തകള്‍ ..ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതില്‍ ഒരു തെറ്റുമില്ല..കത്തോലിക്കാസഭയെ മുച്ചൂടും നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രസംഗങ്ങള്‍കൊണ്ടും പ്രവൃത്തികൊണ്ടും ഇതിനോടകം തെളിയിച്ചുകഴിഞ്ഞിട്ടുള്ള ഒരു ഭരണമുന്നണിയില്‍നിന്നു പിന്മാറണമെന്ന് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവരോട് ഉപദേശിക്കാനുള്ള അവകാശം ഉത്തരവാദപ്പെട്ട വൈദികര്‍ക്കുണ്ട് .. അത് അവരുടെ ആത്മീയമായ കര്‍ത്തവ്യമാണ് ... അതിന് പിണറായി വിജയനോടോ, അദ്ദേഹത്തിന്റെ പാര്‍ട്ടിയോടോ സമാധാനം ബോധിപ്പിക്കാനുള്ളഒരു ബാധ്യതയും ആര്‍ക്കുമില്ല ... ... കത്തോലിക്കാമതവിശ്വാസത്തിന് എതിരും സഭയ്ക്കു വിനാശകരവുമായ ഒരു ഭരണസംവിധാനത്തില്‍നിന്നു പിന്മാറാന്‍ ഉപദേശിച്ചിട്ടുണ്െടങ്കില്‍ അത് മതവിശ്വാസവും ആത്മീയതയുമായി ബന്ധപ്പെട്ട കാര്യമാണ്. രാഷ്ട്രീയപ്രശ്നമല്ല. മതവിശ്വാസത്തിനും മതാചാരങ്ങള്‍ക്കും വിലക്കു കല്പിക്കുന്ന കമ്യൂണിസ്റുപാര്‍ട്ടി അതിന് അവകാശമില്ലാത്ത മതമണ്ഡലത്തില്‍ കാലെടുത്തു കുത്തുകയാണു ചെയ്യുന്നത്.

    ReplyDelete
  2. ക്രൈസ്തവ സമൂഹത്തിലും, പൊതു സമൂഹത്തിലും നില നില്‍ക്കുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ ചെറു വിലരനക്കാത്ത സഭ രാഷ്ട്രീയം കളിക്കുന്നത്, വോട്ടു ബാങ്ക് രാഷ്ട്രീയം മുന്‍ നിറുത്തി മാത്രമാണ്. താഴെപ്പറയുന്ന ഏതെങ്കിലും സാമൂഹ്യ വിപത്തിനെതിരെ സഭ ഇത്ര ജാഗരൂകരായി പ്രതികരിച്ചിട്ടുണ്ടോ?
    1. മദ്യം - വില്പനയും ഉപയോഗവും. രണ്ടു കാര്യത്തിലും വിശ്വാസികള്‍ മുന്പന്തിയിലാണല്ലോ.
    2. വിദ്യാഭ്യാസ രംഗത്തെ കോഴ - പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങാത്ത ക്രൈസ്തവ സ്ഥാപങ്ങള്‍ എത്രയുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. അതിന് എന്ത് പേര് വിളിച്ചാലും.
    3. സ്ത്രീധനം - പ്രത്യേകിച്ച് വിശദീകരണം വേണ്ടല്ലോ.
    4. ധൂര്‍ത്ത്‌ - മാമ്മോദീസ മുതല്‍ ആദ്യ കുര്‍ബാന സ്വീകരണം വരെ, ജന്മദിനം മുതല്‍ സപ്തതി വരെ. തിന്നാന്‍ കൊള്ളാവുന്ന എല്ലാ മൃഗങ്ങളുടെയും ഇറച്ചിയും മദ്യവും ഒഴുകുന്ന സദ്യകള്‍.
    5. പടുകൂറ്റന്‍ പള്ളികള്‍ - ഇടവകാംഗങ്ങളെ പിഴിഞ്ഞ് കെട്ടിയുണ്ടാക്കുന്ന കൂറ്റന്‍ മന്ദിരങ്ങള്‍. ഉദാഹരണം എത്ര വേണമെങ്കിലും ഉണ്ട്. എന്നാലും അങ്കമാലിയും ഇടപ്പള്ളിയും ഏറ്റവും അടുത്തിടെയുണ്ടായ ഉദാഹരണങ്ങള്‍.

    ഇത്തരം വിപത്തിനെതിരെ വല്ലപ്പോഴും ഒരു ഇടയലേഖനം ഇറക്കി, അത് പത്രത്തില്‍ മുന്‍പേ കൊടുത്ത്‌ ഒരു വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ കവിഞ്ഞ ആത്മാര്‍ഥത മുകളില്‍ പറഞ്ഞ ഏ തെന്കിലും വിഷയത്തില്‍ സഭ കൈക്കൊണ്ടിട്ടുണ്ടോ?

    ജനപ്രതിനിധിയാവാന്‍ സഭയുടെ അനുവാദം വേണമെന്ന് പറയുന്നത് തികഞ്ഞ തോന്ന്യാസമാണ്.

    ReplyDelete